ഇനിയും കണ്ടു കൊതിതീരാത്ത കനവുകളുമ്പേറി ഒരു യാത്ര……..

0
3097

സമയം  3.30 പിഎം. വിരസമായ മൂന്നു മണിക്കൂർനീണ്ട വിമാന യാത്രയ്ക്ക് വിരാമം .മൂന്നുപേർ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലുകുത്തുന്നു. ഏതോ ഫർണസിലേക്ക് ഓടിയടുത്ത പോലെ തോന്നി .ചൂട് കാറ്റ് .ചുട്ടുപൊള്ളുന്ന ദില്ലി . മുകുന്ദനും കാക്കനാടനും വി കെ എന്നും വിജയനുമൊക്കെ പറഞ്ഞതിനുമപ്പുറം ഒരുപാട് വളർന്ന ദില്ലി . മാലിന്യ പുകയുടെ, പൊടിപടലങ്ങളുട പുതപ്പണിഞ്ഞ ദില്ലി .വിമാനത്താവളത്തിൽ ആകാശയാനങ്ങൾ നിരയിട്ടിരിക്കുന്നു .ഉറുമ്പിൻ കൂട് പൊളിഞ്ഞു വീഴുന്നു. മഹാനഗരത്തിന്റെ തിരക്കിലേക്ക് ജനങ്ങൾ  നുരച്ചിറങ്ങുന്നു

ഞങ്ങൾ പുറത്തു കടന്നു. ഗാന്ധി വിഹാറിൽ ഭവാനി കാത്തിരിക്കുകയാണ് ഉച്ചമുതൽ .വഴിയോട്ടു തിട്ടമില്ലതാനും . ഒരു ചായ പിടിപ്പിക്കാം ഒപ്പം ഒരു പുകയും .അടുത്ത് കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ ലഗേജുകൾ ഒതുക്കി ഞങ്ങളോരോ ചായ പറഞ്ഞു ഓർ ഏക് ബഡാ ഗോൾഡ് . .പെട്ടെന്നാണൊരാരവം  പരിസരത്തു നിവർത്തി വച്ച കുടയൊന്ന് ആകാശത്തേക്ക് പറന്നുയർന്നു അപ്രത്യക്ഷമാകുന്നു. പൊടിക്കാറ്റാണ്!!.
അത്‌രക്ക്(ഇഞ്ചി ) ചായയിലും കണ്ണിലും മൂക്കിലുമൊക്കെ പൊടി പാറ്റി ഉള്ളിരോരുപിടി തീകോരിയിട്ട് ആ കാറ്റ് മറഞ്ഞു .അത് പറയാതെ പറഞ്ഞു ഇന്ദ്രപ്രസ്ഥത്തിലേക്ക് സ്വാഗതം .

മഴയൊന്ന് പൊടിച്ചു  .ഞാൻ ഭവാനിയുടെ നിർദ്ദേശം ഓർത്തു യൂബർ ടാക്സി പിടിക്കണം ഗാന്ധിവിഹാർന്. പരിചയമില്ലാത്തവർക്ക് ദില്ലിയിൽ അതൊരു അനുഗ്രഹമാണ് പറ്റിക്കപ്പെടാതെ എത്തേണ്ടിടത്തെത്താം .പല വണ്ടികൾക്കും കൈകാണിച്ചു .ആരും വരാൻ തയാറല്ല .യൂബർ ഒട്ടു കിട്ടിയുമില്ല .അപ്പോഴേക്കും മഴ ലേശം കനത്തു . അകെ ഉള്ള ഒരേയൊരു കുടക്കീഴിൽ മൂന്നു സ്ഥൂല -സൂക്ഷ്മ ശരീരികൾ ഒട്ടി നിന്ന് നിരങ്ങി നീങ്ങുന്ന  വണ്ടികൾക്ക്  കൈകാണിച്ചു .

ആ ഹരിയാനക്കാരൻ ഡ്രൈവർ വാചാലനായി .Sir I am uneducated. But i can understand english. ഞാൻ ഗൂഗിൾ മാപ് ഓൺ ചെയ്തു. ഇടയ്ക്ക് ഭവാനിയെ വിളിച്ചു .ഫോൺ ഡ്രൈവർക്ക് കൈമാറി .എങ്കിലും ഏറെ ചുറ്റിത്തിരിഞ്ഞു .ബിഹാറി യായ ഭവാനിയെ ആ ഹരിയാനക്കാരൻ കുറ്റം പറഞ്ഞത് എനിക്ക് അത്രപിടിച്ചില്ല.”യഥാർത്ഥ സുഹൃത് എയർപോർട്ടിൽ വന്നു സ്വീകരിക്കണമാരുന്നു ഇതാണ് ബീഹാറി. ഔചിത്യം ഇല്ലാത്തവൻ “എന്നൊക്കെയാരുന്നു ഡ്രൈവറുടെ ഭാഷ്യം .ഇതൊന്നും വകവയ്ക്കാതെ ദില്ലി കാഴ്ചകൾ കണ്ടു കൊണ്ട് നാല് കണ്ണുകൾ പിൻ സീറ്റിൽ പുളയുന്നുണ്ടാരുന്നു .

ഭവാനി പ്രസാദ് .. സ്വദേശം ബീഹാറിലെ ബോധ് ഗയ.  സിദ്ധാര്ത്ഥന് ജ്ഞാനം സിദ്ധിച്ച നാട്. സ്നേഹ നിധിയായ ഭവാനി .ഒരാലിംഗനത്തോടെ കഴിഞ്ഞമൂന്നുവര്ഷക്കാലത്തെ നിശബ്ദത യുടെ  ദൂരം അവൻ ഭഞ്ജിച്ചു  .ഒരു വെജിറ്റബിൾ പുലാവിൽ ഭവാനിയുടെ സ്നേഹം എന്റെ സുഹൃത്തുക്കളും നുണഞ്ഞു . സന്ധ്യമയങ്ങി തുടങ്ങി .പുരുഷാരം വീടുകളിലേക്ക് ചേക്കേറാനൊരുങ്ങുന്നു.രോഹിത് മയൂർ വിഹാറിൽ കാത്തിരിക്കുന്നു .  യാത്രാ ക്ഷീണം കഴുകി ക്കളഞ്ഞു ഞങ്ങൾ മയൂർ വിഹാർ ലക്ഷ്യമാക്കി നീങ്ങി .ഭവാനിയും ഉണ്ട്  ഒപ്പം.ചുരുങ്ങിയ സമയത്തിനുള്ളിൽ രാവിലത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് അവൻ ബുക്ക് ചെയ്തു  മയൂർ വിഹാർ മാർക്കറ്റിന്റെ ഇരുട്ടിലൂടെ ടാക്സി നിരങ്ങി നീങ്ങി.

രോഹിത്.

ജേര്ണലിസ്റ് ആണ് .Press Trust of India യിൽ .ഭാര്യാ സമേതനായി ദില്ലിയിൽ സസുഖം വാഴുന്നു .അടുത്ത് ഒരു സന്തോഷവാർത്താനമുണ്ട് ടിയാൻ അച്ഛനായി. ഹെയ്‌സൽ ആണ് പുത്രി. തല്ക്കാലം വാമഭാഗം അടുത്തില്ലാത്തതിന്റെ സ്വാതന്ത്ര്യം ആ വാക്കുകളിൽ ഞാനറിഞ്ഞു .പഴയ ലോകോളജ്‌ ഹോസ്റ്റലിലെ ഓർമ്മകൾ ഹൃദയത്തിൽ വന്നലച്ചു .സ്നേഹം നിറച്ച അസഭ്യം കൊണ്ട് ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തു .
ആന്റിക്വിറ്റികും ഓൾഡ്‌മോങ്കിനും ചുറ്റിലായി വിഷയങ്ങൾ തൊടുകറികളായി .ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒന്നായി മാറി .

രാവിലെ രോഹിത്തിനോട് യാത്ര പറഞ്ഞു  നേരെ കാശ്മീരി ഗേറ്റ് ലേക്ക് .എട്ടുമണിക്കാണ് വണ്ടി .എയർ കണ്ടിഷൻ ഉണ്ടെന്ന് എഴുതിയിട്ടുണ്ട് .പക്ഷേങ്കി വന്നാ വന്ന് .ഏറ്റവും ഒടുവിലത്തെ സീറ്റുകൾ. പക്ഷെ ഉത്സാഹത്തിനു മുന്നിൽ അപര്യാപ്തതകൾ നിഷ്പ്രഭമായി.

ഹരിദ്വാർ
ദൈവങ്ങൾ അലഞ്ഞുനടക്കുന്ന  തെരുവുകൾ” .അങ്ങിനെയാണ് മുകുന്ദൻ ഹരിദ്വാറിനെ കുറിച്ച് പറഞ്ഞത് .പിന്നെ  റൂർക്കി ..പണ്ട് entrance exmination question bank കളിൽ കണ്ട തീരെ ഇഷ്ടമല്ലാത്തപേരായിരുന്നു അന്ന് അത് .അവസാനിക്കാത്ത കാഴ്ചയായി അനവധി Army camp കൾ ,പതഞ്ജലി rsearch centre അങ്ങിനെ പലതും ഞങ്ങളെ കടന്ന് പോയി.
ഒടുവിൽ ഉച്ചക്ക് ഏതാണ്ട് 2മണിയോടെ ഹരിദ്വാർ എത്തി. ചുട്ടുപഴുത്ത ദേവഭൂമി. കത്തുന്ന ചൂടിനെതിരെ റിക്ഷ വലിക്കുന്നവർ .ഹർകി പോടിയിലേക്കുള്ള യാത്രക്കാരെ ക്ഷണിക്കുന്ന ടാക്സിവാലകൾ. റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗര ഹൃദയത്തിലേക്ക് ഒഴുകുന്ന ഭക്തർ .വാടിക്കരിഞ്ഞ ഫലങ്ങൾക്ക് മീതെ വെള്ളം നനച്ചു മോടികൂട്ടുന്ന വണിക്കുകൾ. വളരെവേഗം കുറച്ചു മിനറൽ വാട്ടർ കുപ്പികളും വാങ്ങി ഞങ്ങൾ അടുത്ത യാത്രയ്ക്ക് തയ്യറായി. ഇനി യാത്ര കേദാർ നാഥിലേക്ക് ആണ് ഇരുളും മുൻപ് ജോഷിമറ്റ് എത്തണം  ഏതാണ്ട് ഒൻപത് മണിക്കൂർ യാത്രചെയ്യണം അവിടേയ്ക്ക്. ഭക്ഷണം വഴിയിൽ ആകാം..കാലാവസ്ഥയെ പറ്റി ആശങ്കയുണ്ട്. ഇടക്ക് ഭവാനിയും എഫ് എം ന്യൂസിൽ കേട്ടു “ഉത്തരാഖണ്ഡിൽ കൊടുങ്കാറ്റിന് സാധ്യത”
മനസൊന്നുലഞ്ഞു പഴയ 2014 ദുരന്തം ഓർമവന്നു. അപ്പോഴും ഭവാനി പറഞ്ഞു നമ്മൾ അവിടെ എത്തണമെന്നുണ്ടെങ്കിൽ എത്തിയിരിക്കും .ആഗ്രഹത്തെ അവൻ അവന്റെ വിശ്വാസത്തിലാരോപിക്കുകയാണ്. ഇനിയെങ്ങനെ?ഒരു പൊലീസുകാരനാണ് പറഞ്ഞത് ടാക്സി പിടിക്കാൻ. അതാണ് നല്ലത് . നമ്മുടെ വിവരങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ടാക്സി നമുക്ക് കിട്ടും.ബീഡിപ്പുക യുമായി മെല്ലിച്ച ശരീരത്തോടെ ഡ്രൈവർ പ്രത്യക്ഷനായി .പഴയ ഒരു ഇൻഡിക്ക .

മെലിഞ്ഞുണങ്ങിയ നഗ്ന ശരീരം കണക്കെ ഗംഗ കിടന്നു. വിണ്ടുകീറിയ ഉടൽ പരപ്പിൽ നനവ് തേടി നടക്കുന്ന ചിലരെ കാണാം .ഏതോ ഒരു വലിയ പാലം കടക്കുകയാണ് ഞങ്ങൾ .റോഡ് പണി നടക്കുകയാണ് ..പൊടി വായിലും മൂക്കിലുമെല്ലാം വീണ്ടും .Ac ഓണാക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് ഞെട്ടിക്കുന്നവിവരം  മലമ്പ്രദേശത്തേക്ക് പോകുന്ന വണ്ടികളായൊണ്ട് ac വാക്കാറില്ലപോലും .Pulling കിട്ടാനാണ്. അതൊരു വല്യ നുണയാണെന്ന് അറിഞ്ഞിട്ടും ഞങ്ങൾ നിശബദരായി .ഞാൻ മൊബൈൽ നോക്കി അന്തരീക്ഷോഷ്മാവ് 42ഡിഗ്രി സെൽഷ്യസ് .വണ്ടി രാജാജി നാഷണൽ പാർക്കിലേക്ക് കടന്നു. പൊടിപടലം ഞങ്ങളുടെ നാസാഗഹ്വരങ്ങളിലേക്കും .

ഉണങ്ങി വരണ്ട കാട് .തീച്ചൂട് മനസും ശരീരവും തളർത്തി തുടങ്ങി.കൂട്ടുകാരിൽ ഒരുവൻ ക്ഷീണത്താൽ ആ കൊടും ചൂടിൽ, തകർന്ന റോഡിലൂടെ ഇളകിയാടി നീങ്ങുന്ന ആ വണ്ടിയിൽ ,ഉറക്കത്തിലേക്ക് വീണുകഴിഞ്ഞു. വടക്കേയിന്ത്യ കത്തുന്ന സമയമാണ് മെയ് മാസം.
ഭവാനി ഉഷാറാണ്  തീയിൽ കുരുത്തവന്  ഇതൊക്കയെന്ത് . അവൻ  മുന്നോട്ടുള്ള യാത്ര പദ്ധതിയെ പറ്റി ഡ്രൈവറോട് സംസാരിച്ചു കൊണ്ടേയിരുന്നു . ഇടക്ക് പോക്കറ്റിൽ നിന്നും രജനി ഗന്ധ ഗുട്ക എടുത്ത് ക്ഷമയോടെ പുകയില ചേർത്ത് മിക്സ് ചെയ്യും..ആസ്വദിച്ച് ചവച്ചുകൊണ്ട് സംസാരം തുടരും. ഒപ്പം ഒന്നെനിക്കും പാസ് ചെയ്യും .ദുർഘടമായ പാതയും അസഹനീയമായ ചൂടും വല്ലാണ്ട് തളർത്തുന്നു സമയം നീങ്ങാത്തതുപോലെ .ഒരുവേള ഛർദിക്കാനും തോന്നുന്നുണ്ട് .പെട്ടെന്ന് പ്രകൃതി മാറുന്നു നിത്യഹരിത വനങ്ങൾ പോലെ . ഒരു തണുപ്പ് അനുഭവവേദ്യമായി .റാഫ്റ്റിങ് ബോട്ടുകളുമായി പോകുന്ന വാഹങ്ങൾ. ധാരാളം ടൂറിസ്റ്റ് വാഹനങ്ങൾ .ഋഷികേശ് എത്തിയിരിക്കുന്നു .
വാഹനം ഒരു വശത്തേക്ക് ഒതുക്കി ഞങ്ങൾ പുറത്തിറങ്ങി. ഭവാനി ഒന്നുരണ്ട് ചിത്രങ്ങൾ ക്യാമെറയിൽ പകർത്തി .എവിടെയും റാഫ്റ്റിങ് നടത്തുന്ന സഞ്ചാരികൾ . ഒരുതരം പച്ച നിറമാണ് ഗംഗയ്ക്ക് അവിടെ .സഞ്ചാരികളുടെ ആവേശത്തിനൊപ്പം നുരഞ്ഞു പതഞ്ഞൊഴുകുന്ന ഗംഗ .
ഇനി ഏറെദൂരം പോകാനുണ്ട്. ഭവാനി ഓർമിപ്പിച്ചു .
വിശപ്പ് അധികരിച്ചിരിക്കുന്നു .പ്രാതലിനു ശേഷം ഒന്നും കഴിക്കാൻ സാധിച്ചില്ല. ക്ഷീണം മനസിനെയും ബാധിക്കാൻ തുടങ്ങി  കാറിനുള്ളിൽ നിശബ്ദത പടർന്നു.
കൊടും വളവുകൾ ചെങ്കുത്തായ മലനിരകൾ .റോഡിലേക്ക് കൂർത്തു നിൽക്കുന്ന മുനയൻ പാറകൾ . ഒരിരമ്പം കേൾക്കാം വാഹത്തിന്റെ ശബ്ദത്തിനും മീതെ അത് അടുത്തടുത്ത് വന്നു.ആഹാ  മഴ !മനസും ശരീരവും കുളിർത്തു . തകർത്തു പെയ്യുകയാണ് .വണ്ടി ഒരു കടയ്ക്ക് മുന്നിൽ നിന്നു .കോരി ചൊരിയുന്ന മഴ .ഞങ്ങൾ വേഗം അകത്തേക്ക് കയറി. വേഗം ഓരോ നൂഡിൽസ് അകത്താക്കി ഒപ്പം നല്ല ചൂട് ചായയും .തൽക്കാലാശ്വാസം. കടയോട് ചേർന്ന് ഒരു വൈൻ ഷോപ്പ് കാണാം .

വണ്ടി നീങ്ങി തുടങ്ങി. വിൻഡോയിലൂടെ മുഖത്തേക്ക് തെറിക്കുന്ന തൂവാനതുള്ളികൾ. ഋതുമതിയായ മണ്ണിന്റെ കൊതിപ്പിക്കുന്ന ഗന്ധം. അതാ ദൂരെ ഹിമവൽ ശൃംഗങ്ങൾ ഗോചരമാകുന്നു. ഇവിടെ മഴപെയ്യുമ്പോഴും അവിടെ അവ വെട്ടി തിളങ്ങുന്നു .ഷാജിസാർ വാചാലനായി .പ്രകൃതി ഞങ്ങളെ ഉന്മത്തരാക്കുന്നു. ഭവാനിയും രഞ്ജിത്ത് സാറുമെല്ലാം അത് ശരിവെക്കുന്നു .ആഹ്ലാദം മനസ്സിൽ അലതല്ലുന്നു . രജനി ഗന്ധയുടെ മണം പരക്കുന്നു. ഭവാനി തന്റെ ബ്ലൂ ടൂത്  സ്പീക്കർ ഓൺ ചെയ്തു .നുസ്രത് ഫത്തേഅലിഖാൻ പാടുന്നു .Soch tha hum ithne masoon the.
മാജിക് മൊമെന്റ്‌സ്‌ വോഡ്കയുടെ കഴുത്ത് ഞാൻ തിരിച്ചു .ഹിമ ശൃങ്ഗങ്ങൾ സാക്ഷി,മഴയ്ക്ക് കുറുകെ സത്യംതേടി ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജടാധാരികൾ സാക്ഷി , പ്രകൃതിയെ , കാലത്തെ ഭയഭക്തി യോടെ നോക്കി ഞാൻ ഒരുകവിൾ ഇറക്കി .ആ ദ്രവം തൊണ്ടക്കുഴിയിലൂടെ എരിഞ്ഞിറങ്ങി  .ഫത്തേ അലിഖാനൊപ്പം മൂവരും പാടി  mere rashke qamar.

മലനിരകളിൽ ഇരുൾ പരന്നു തുടങ്ങി .കരിമ്പടത്തെ തുളച്ചു നീളുന്ന ഹെഡ് ലൈറ്റുകൾ മാത്രം .ക്ഷീണം ശരീരത്തെ തോൽപ്പിച്ചുകളഞ്ഞു.
രഞ്ജിത് സാർ തോണ്ടിവിളിച്ചപ്പോഴായിരിക്കണം ഞാൻ ഉണർന്നു .ഏതൊരു അഭൗമ ലോകംപോലെ .ഏതാനും നിമിഷങ്ങൾ വേണ്ടിവന്നു സ്ഥലകാല ബോധം വീണ്ടുകിട്ടാൻ .ആകാശത്തേക്ക് പടർന്ന് കയറുന്ന കൂറ്റൻ പാറക്കെട്ടുകൾ  അമൂർത്തരൂപങ്ങൾ  .അവയ്ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നിലാവ് . ആ കാഴച മതിയാരുന്നു  ക്ഷീണം മറികടക്കാൻ .ദേവഭൂമി .

ഞങ്ങൾ എത്തിയപ്പോഴേക്കും ജോഷിമറ്റ് (joshimatt)  ഉറക്കമായി .തെരുവിൽ അധികാരികളായി നായ കൂട്ടങ്ങൾ മാത്രം. ഇടുങ്ങിയ വഴിയോട് കൂടിയ ഒരു ചെറിയ ടൌൺ .വളരെ ചെറുത്. നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിലേക്ക് എത്തിപ്പെട്ടു ഒടുവിൽ. ഡ്രൈവറോട് യാത്രപറഞ്ഞു.

കമ്പിളി പുതപ്പിലൂടെ അരിച്ചു കേറിയ തണുപ്പ് രാവിലെ തന്നെ വിളിച്ചുണർതുകയായിരുന്നു. ബാൽക്കണിയിലിയ്ക്ക് വന്നു ഒന്ന് മൂരി നിവർത്തി നോക്കുമ്പോ ആഹാ മഞ്ഞുപുതച്ചു നിൽക്കുന്ന ഹിമാവാൻ. അർക്കന്റെ ആദ്യകിരണങ്ങളിൽ മിന്നിത്തിളങ്ങുന്ന കാഴ്ച .സമയം 6മണി ആയിക്കാണും  ടൌൺ തിരക്കായി തുടങ്ങി .
ഇന്നത്തെ യാത്ര ബദ്രി നാഥിലേക്കാണ്

തളിർത്തുതഴച്ചു നിൽക്കുന്ന റോഡോ ഡെൻഡ്രോൺ മരങ്ങൾ. ഹരിതാഭയ്ക്ക് പര്യായമെന്നവണ്ണം ആകാശത്തേക്ക് നീളുന്ന ദേവദാരുക്കൾ .റോഡിനിരുവശവും വളർന്നു ജടകെട്ടി നിൽക്കുന്ന ശിവമൂലി ചെടികൾ .പേരറിയാത്ത പതിനായിരം വർണ്ണങ്ങൾ പൂക്കളായ് വേറെയും. ബ്രഹ്മകമലത്തിന്റെ നാടിന്റെ കാഴ്ചയെ വർണ്ണിക്കാൻ വാക്കുകളില്ല . തിരക്കൊഴിഞ്ഞ പാതകൾ യാത്ര സുഗമമാക്കി. യാഷ്‌ എന്നാണ് ഡ്രൈവറുടെ നാമം അവനിൽ  ഞങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ ബലത്തിൽ തണുപ്പിനെ തുളച്ചുകൊണ്ട് ആ വാഹനം പാഞ്ഞു .വിൻഡോ യിലൂടെ നോക്കിയാൽ ഒരുവശത്ത  റോഡ് കാണുക സാധ്യമല്ല  .അഗാധമായ ഗർത്തങ്ങൾ മാത്രം.

ശാന്തമാണ് ബദ്രി. തഴച്ചു നിൽക്കുന്ന പുൽപ്പരപ്പിൽ ഹിമവാന്റെ താഴ്വാരത്തിൽ ബദ്രി നാഥൻ പള്ളികൊള്ളുന്നു  സാമാന്യം തിരക്കുണ്ട്. പ്രസാദ താലങ്ങൾ കൈയ്യിലേന്തി ക്ഷമയോടെ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ  അന്തരീക്ഷം ജയ്‌വിളികളാൽ മുഖരിതമാണ് .ഭഗവൻ ബദ്രി നാഥ് ജി കീ ജയ്  .ഒരു ചൂട് നീരുറവ ക്ഷേത്രത്തിനുള്ളിൽ ഉണ്ട്.ഭക്തർക്ക് സ്നാനത്തിനുള്ളതാണ് .കാലുകൾ നനച്ചു പൂജാ സാമഗ്രികളുമായി ഞങ്ങളും നീങ്ങി ശ്രീശങ്കരന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമികയിൽ .

Badri
eroute Badri

ഉച്ചവെയിൽ തണുപ്പിന് മേൽ പതിച്ചു .ദർശനത്തിനു ശേഷം തിരികെ നടക്കുന്നു .ഭസ്മം പൂശിയ ആത്മീയതകൾ ഭിക്ഷാം ദേഹികളായി അങ്ങിങ്ങു ഇരിക്കുന്നു .സെൽഫി സ്റ്റിക്കുകളേന്തിയ ആധുനികതകൾ അതിലേറെയും . ഇനി യാത്ര മാന ഗ്രാമത്തിലേക്കാണ് .ചൈന അതിർത്തിയിലെ അവസാന ഗ്രാമം .യാഷ് അവന്റെ രഥം തെളിച്ചു. കാറിന്റെ സ്റ്റീരിയോയിൽ നിന്നും മലയുടെ മക്കളുടെ തനത് സംഗീതം ഉയർന്നു. ഭാഷയുടെ പരിമിതികൾ അലിഞ്ഞില്ലാതാകുന്നു. ഞാനും അല്ല ഞങ്ങളും പ്രകൃതിയും മാത്രം .
വഴിയിൽ ഒരിടത്തായി വാഹനം പാർക്ക് ചെയ്തു .ഇനി അല്പദൂരം നടക്കണം. വളരെ ഇടുങ്ങിയ വഴിയാണ്. പാറക്കഷ്ണങ്ങൾ അടുക്കി വച്ച് നിർമിച്ച മതില്കെട്ടുകൾക്കുള്ളിൽ ചെറിയ ഷീറ്റ് കൊണ്ട് കൂര പാകിയ വീടുകൾ. ഇടുങ്ങിയ പാതയിലൂടെ രണ്ടു കിലോമീറ്ററോളം നടന്നുവേണം വ്യാസ ഗുഹയിലെത്താൻ. ചെങ്കുത്തായ പാറകൾക്കിടയിലൂടെ നീലനിറത്തിൽ നീരൊഴുകി .ഇടയിലൊരുവൻ തിരക്കിനിടയിലൂടെ കൊമ്പുകുലുക്കി ഒന്ന് പാഞ്ഞു ഒരു കാള  .നന്നേ പേടിപ്പിച്ചുകളഞ്ഞു  ഓടിമാറാൻ ഇടമില്ല .ഒരു വശം അഗാധമായ താഴ്ചയാണ് .

ഉയരം കുറഞ്ഞ, രോമം നിറഞ്ഞ പശുക്കൾ  ഇടയ്ക്ക് അങ്ങിങ്ങായി ഇടുങ്ങിയ വഴിയിലൂടെ കുടമണി കിലുക്കി നടന്നു നീങ്ങി.  മറ്റൊരുത്തൻ  ഞങ്ങൾക്ക് വഴികാട്ടിയായി .വ്യാസഗുഹയിൽ നിന്നും മലഞ്ചെരിവിലേക്കുള്ള വഴിയിൽ അവൻ ഞങ്ങൾക്ക് മുന്നേ നടന്നു .രോമാവൃതമായ ദേഹത്തോടെ ഒരു കൂറ്റൻ നായ. ഞങ്ങളെക്കാൾ മുൻപേ നടന്നുപോയിട്ട് തിരികെ നോക്കി അവൻ ഞങ്ങളുടെ വഴി തെറ്റുന്നില്ല എന്നുറപ്പ് വരുത്തി .ഭവാനിയാണ് പറഞ്ഞത് ഇവുടത്തെ നായകളുടെ ഈ രീതികളെ പറ്റി. തിരികെ ഒന്നും പ്രതീക്ഷിക്കാതെ സഞ്ചാരികളെ നയിക്കുന്ന നായകൾ. ഞങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ്സ് ചെയ്യാനും അവൻ മടിച്ചില്ല .ഫോട്ടോകളുടെ എണ്ണം കൂടിയപ്പോ അവൻ വൈമുഖ്യം കാണിച്ചു .ഒന്നും പറയാൻ കൂട്ടാക്കാതെ അവൻ മലയിറങ്ങി. അവനു കൊടുക്കാൻ അപ്പോൾ പക്കൽ ഒന്നുമില്ലാതിരുന്നത് ഉള്ളു നീറ്റി. അവൻ അകന്നു പോകുന്നത് ഞങ്ങൾ നോക്കി നിന്നു  നിമിഷാര്ധത്തില് ഉണ്ടായ ഒരു സൗഹൃദംഅറ്റുപോയ  പോലെ.

Adios Mana village
Adios Mana village

ഉച്ചയോടെ ജോഷി മട്ടിൽ തിരികെയെത്തി. തണുപ്പ് വീണ്ടും ആവേശിക്കുന്നു തീവ്രമായി
ഇനി ഔലി ആണ് അടുത്തസ്ഥലം .ഒക്ടോബർ തുടങ്ങി മഞ്ഞിൽ കുളിച്ചു കിടക്കുന്നവളത്രെ ഔലി .ആ കാഴ്ചക്കുള്ള ഭാഗ്യം ഇത്തവണയില്ല.കേബിൾ കാറിൽ നിന്നുകൊണ്ട് ഞങ്ങൾ പരസ്പരം പറഞ്ഞു ഇനിയും വരണം.താഴെ പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന പശുക്കളും കോവർ കഴുതകളും. ഇടക്ക് ചില കാറ്റാടി യന്ത്രങ്ങൾ തലയുയർത്തി നില്കുന്നു  അവയയ്ക്കും മീതെ സിവാലിക്ക് നിരകളിൽ തട്ടി തിളങ്ങുന്ന സൂര്യ കിരണങ്ങൾ .ഒരു ചത്തപശുവിനെ കഴുകന്മാർ കൂട്ടത്തോടെ കൊത്തിവലിക്കുന്നു .കേബിൾ കാർ അടുത്ത സ്റ്റേഷനിൽ എത്തി. ഓലി .കുതിര സവാരിക്കാർ ഓടിയടുത്തു .അവരോട് തുക പേശാൻ നില്കാതെ തണുപ്പൊന്ന് മാറ്റാൻ ഞാൻ ഓരോ ചായ പറഞ്ഞു .ഒപ്പം ചൂട് പക്കോഡയും .ചെങ്കുത്തായ പ്രദേശമാണ് .അല്പദൂരം ഞങ്ങളെയും ചുമന്നു നാല് കുതിരകൾ കയറ്റം വലിച്ചു .കാഴ്ചയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചവർ ബാല്യത്തിലേക്ക് കുട്ടിക്കരണം മറിഞ്ഞു .ഷാജിയും രഞ്ജിത്തും പുൽമേട്ടിൽ ഓടി തിമിർക്കുന്നു

The last village Mana
The last village Mana

ഭവാനീ  അപ്പോഴും ഛായാഗ്രഹണത്തിന്റെ തിരക്കാണ്

തിരികെ മലയിറങ്ങുമ്പോ മനസിൽ ഭാരമായിരുന്നു.  അവശേഷിക്കുന്ന ആഗ്രഹങ്ങൾ ഇപ്പോഴും ഭാരം തന്നെ ആണ്. ഇനിയും വരും ഈ മണ്ണിലേക്ക്. ഗിരിശൃങ്ങളിലേക്ക് ഒരു നോക്ക് തിരിഞ്ഞു നോക്കി മനസ്സിൽ പറഞ്ഞു. മഞ്ഞിൽ മൂടിക്കിടക്കുന്ന കേദാർ നാഥ് മനസ്സിൽ  ഉരുകാതെ കാത്തു നിർത്തും. ഇനി വരും വരെ.
മന്ദാകിനിയുടെ കരയിൽ അൽപനേരം വിശ്രമം .തിളങ്ങുന്ന മണൽ മണൽപ്പരപ്പ് .മനസ് ശാന്തമാകുന്നു .ദില്ലിയുടെ തിരക്കുകളിലേക്ക്  ശാസ്താംകോട്ടയിലെ ജോലിത്തിരക്കുകളിലേക്ക് ഞങ്ങൾ നീങ്ങി.

Courtesy :

https://sarathkrishnan26.blogspot.com/2018/09/3.html?spref=fb

Leave a Reply