സൈബർ ലോകത്തു നിന്നും…….

0
1371

ഒരുപാട് മഹത്വങ്ങളാൽ നിറഞ്ഞ ഒരു ദിവസമായിരുന്നു എനിക്ക് ഇന്ന്. ഒരു ദിവസംകൊണ്ട് വന്ന 5 കേസുകളിൽ 4 എണ്ണവും പ്രണയം നടിച്ച് പണം തട്ടിയ വിരുതൻമാരുടെയും വിരുതകളാലും നിറയവേ അവസാനത്തെ ഒന്ന് വേറിട്ടുനിൽക്കുന്നു. സ്വന്തം അച്ഛന്റെ സഹോദരന്റെ മകൻ അവളുടെ ഫോട്ടോകൾ ലോകത്തിനു മുന്നിൽ മോശകരമായ രീതിയിൽ ചിത്രീകരിച്ചപ്പോൾ ,ആഞ്ഞടിച്ചു വീശിയ സാമൂഹ്യമാധ്യമ കാറ്റിൽ അടർന്നു വീണത് ശക്തിയായി തലയുയർത്തി നിന്ന ഒരു മരത്തിന്റെ ഒരു വലിയ ശാഖയാം ബന്ധങ്ങളും അതിലെ മറ്റൊരു ചെറുശാഖയാം അവളും മാത്രം… ഇങ്ങനെ എന്റെയുള്ളിൽ നീണ്ടുനിൽക്കുന്നു ഓർമകളായ ഒരുപറ്റം ജീവന്റെതുടിപ്പുകൾ, അവ ഓരോ ഫയലുകളിലാക്കി ജീവനുറ്റ് മരവിപ്പിക്കുമെങ്കിലും , എന്റെ ഓർമകൂട്ടിൽ ഒരു മെഴുകുതിരി പ്രകാശിപ്പിക്കവേ ഓടിയെത്തുന്നു നാണക്കേടിലും , നിരാശയിലും ജീവിതത്തിന്റെ പല മുഖങ്ങളിലും സാമൂഹ്യമാധ്യമം എന്ന ഇരട്ടതല വാൾകൊണ്ട് മുറിവേറ്റ് ചോരപൊടിഞ്ഞ് മരണത്തിന്റെ കൂരിരുട്ടിലേക്കു വീണുപോയ അനേകായിരം നിഷ്കളങ്ക മുഖങ്ങൾ. അവയിൽ ഏറ്റവും ഓർമയുള്ള ഒരു മുഖമായിരുന്നു അലീനയുടേത് അനാഥജന്മമെങ്കിലും മറ്റുളവർക്ക് പ്രചോദനവും പ്രേരണയും നൽകി അവസാനം സാമൂഹ്യമാധ്യമത്തിലുടെ സഹായമേകിയ കൈകളാൽ ചുരുട്ടിയേറിയപ്പെട്ട മനോഹരമായ ഒരു പൂവ്… ഇതിലൂടെ സ്വയം ആകാശത്തിൽ , ബിസിനസ്സിന്റെ സഹായതാൽ ഇന്നും പറന്നുയരുന്ന ആകാശയും, വ്യത്യസ്തമായ ആപ്പ്‌ വികസിപ്പിച്ചു മാതൃകയായ നിധിനും ഒക്കെ വിജയത്തിന്റെ കൊടിപാറിച്ചും , മറ്റുളവരുടെ കാര്യത്തിൽ ഇടപെടാതെ മാന്യവരായും, ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നവരും ഒകെ ഇതിൽ ഉണ്ടെങ്കിലും അവർക്കൊന്നും അവകാശപ്പെട്ട ഫയലുകൾ ഇല്ല എന്നു തന്നെ പറയാം. ഹാക്കർ എന്ന ഒരുപാട് മുഖങ്ങളിൽ ഏറ്റവും ഓർമയുള്ളത് അയാളുടെ മുഖമാണ് ഒരു കോളേജിലെ പഴയസുഹൃത്തിന്റെ കപടവേഷമണിഞ്ഞ് എട്ടുകാലിയെ പോലെ ഒറ്റയ്ക്കു നെയ്തുകൂട്ടിയ വലയിൽ, വീഴ്ത്തിയവൻ ആ കോളേജിലെ പഴയ മറ്റു വിദ്യാർത്ഥികളായിരുന്നവരെ…..ഇങ്ങനെ ഒരുപാട് മുഖങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരുപാട് ഫയലുകളാൽ ഇന്നു ഞാൻ നിറഞ്ഞു. വർണാഭമായ നിറത്തിലുള്ള കേസ്ഫയലുകൾ നിറക്കാനുള്ള മറ്റൊരു മാധ്യമം മാത്രമാണ് ഞാൻ എന്ന അലമാര…..ജീവിതത്തിൽ വിരിയാൻ തുടങ്ങുന്ന പുഷ്പങ്ങളാം നമ്മളെ നാം തന്നെ ഈ സമൂഹ്യമാധമത്തിലൂടെ വാടിതളർത്തരുത്. സൗഹൃദങ്ങൾ എന്നുമൊരു നിറമുള്ള ഓർമ്മകളായി നമ്മിൽ പ്രകാശിക്കണമെന്നു മാത്രമേ എനിക്കു പറയാനുള്ളൂ. 5 വർഷത്തെ യാത്രകൊടുവിൽ ഈ സൈബർ ഓഫീസിലെ ഒരു അലമാരയായി ഞാൻ ഈ വീർപ്പുമുട്ടിലിലും, ദുർഗന്ധവും നിറഞ്ഞ ജീവിത ഗന്ധമുള്ള ഈ കേസ്ഫയലുകളുടെ വിഴുപ്പുഭാരവും ചുമന്ന് ശുദ്ധമായ എന്റെ മനസും അഴുകാൻ തുടങ്ങിയോ ഈ സൈബർ എന്ന ക്രിമിനലിനെകൊണ്ട് ? എങ്കിലും ഞാൻ ജീവിക്കും ഈ തടിയിൽ നിന്നും ഉറപൊടി വീഴും വരെ നിശബ്ദതനായി…..

Pravya_8901

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.