ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈല്‍ ഫോണ്‍ അപകടം ഒഴിവാക്കാം | Mobile Phone Explodes Precautions

0
860

ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുമ്പോള്‍ നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം. മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളില്‍ കെമിക്കല്‍ റിയാക്ഷന്റെ ഫലമായി ഗ്യാസ് ഫോം ചെയ്യുകയും ബാറ്ററി വീര്‍ത്തു വരികയും ചെയ്യുന്നു. കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീര്‍ത്തുവരുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തിയേക്കാം.

ചാര്‍ജ് നില്‍ക്കുന്ന ബാറ്ററികളാണെങ്കിലും വീര്‍ത്തുകഴിഞ്ഞാല്‍ മാറ്റണം. ഫോണിന്റെ ഭാഗങ്ങള്‍ വിട്ടുവരിക, ഡിസ്പ്ലേയുടെ അരികിലൂടെ വെളിച്ചം കാണുക തുടങ്ങിയവ ബാറ്ററി വീര്‍ത്ത് വരുന്നതുകൊണ്ടാവാനും സാധ്യതയുണ്ട്. ചാര്‍ജ് കയറാന്‍ താമസം, ചാര്‍ജ് പെട്ടെന്ന് ഇറങ്ങുക, പെട്ടെന്ന് ചാര്‍ജ് കയറി ഇറങ്ങുക എന്നിവ ഉണ്ടെങ്കില്‍ മൊബൈല്‍ ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടെന്ന് മനസിലാക്കാം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തുടക്കം മുതലേ എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ തകരാര്‍ പരിഹരിക്കണം.

ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

  1. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
  2. ഫോണ്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ചൂടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്ത് ടെക്നീഷ്യന്റെ സഹായം തേടുക.
  3. സാവധാനത്തിലാണ് ചാര്‍ജ് ആവുന്നതെങ്കില്‍ ഫോണില്‍ തകരാറുണ്ടെന്ന് മനസിലാക്കാം.
  4. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് കമ്പനി സര്‍വീസ് സെന്ററുകളില്‍ പരിശോധിച്ച് പ്രശ്നമില്ലെന്ന് ഉറപ്പാക്കി മാത്രം വീണ്ടും ഉപയോഗിക്കുക.
  5. ചാര്‍ജിങ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും കാലാവധി കഴിഞ്ഞെങ്കില്‍ ഫോണ്‍ മാറ്റുക.
  6. വീഡിയോ കോള്‍ ചെയ്യുമ്പോഴും അമിതമായ ഉപയോഗംമൂലവും ഫോണ്‍ ചൂടാവുന്നുവെങ്കില്‍ ഫോണിന് വിശ്രമം നല്‍കുക. തുടര്‍ച്ചയായി ഉപയോഗിക്കാതിരിക്കുക.
  7. ഫോണിന്റെ സ്പെസിഫിക്കേഷന്‍ അനുസരിച്ച് ഗുണമേന്മയുള്ള ചാര്‍ജറുകള്‍ മാത്രം ഉപയോഗിക്കുക.
  8. രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുവയ്ക്കരുത്. ഉറങ്ങുന്ന സമയത്ത് കിടക്കയ്ക്കരികില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കരുത്.
  9. വെയിലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ സൂക്ഷിക്കാതിരിക്കുക.
  10. ഗുണമേന്മ ഇല്ലാത്തതും വിലകുറഞ്ഞതുമായ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക.
  11. ഉപയോഗത്തിലില്ലാത്ത ഫോണുകളുടെ ബാറ്ററികള്‍ നീക്കം ചെയ്യുക.
  12. കുട്ടികള്‍ക്ക് കളിക്കുന്നതിന് ഉപയോഗശൂന്യമായ ഫോണുകളോ ബാറ്ററികളോ നല്‍കാതിരിക്കുക.
  13. അത്യാവശ്യമെങ്കില്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ മാത്രം കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുക.
  14. നനഞ്ഞ കൈകൊണ്ട് ഒരിക്കലും ചാര്‍ജിങ്ങിലുള്ള ഫോണ്‍ ഉപയോഗിക്കരുത്.
  15. മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ എത്രയും പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്ത് ടെക്നീഷ്യന്റെ സഹായം തേടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.