ഇത് NFC അഥവാ നെടുമൺകാവ് ഫ്രൈഡ് ചിക്കൻ

0
1265

നല്ല പോലെ പാചകം ചെയ്യാന്‍ അറിയുന്നവര്‍ക്ക് ഇത് സുവര്‍ണാവസരങ്ങളുടെ കാലം കൂടിയാണ്. കാരണം കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഫുഡ് വിപണിക്ക് പ്രത്യേകിച്ചു പാചകം ചെയ്ത ഭക്ഷണങ്ങള്‍ക്കു നല്ലൊരു വിപണിയാണു സമ്മാനിച്ചിരിക്കുന്നത്. ഇന്ന് നിരത്തിലിറങ്ങിയാല്‍ കാണുന്നത് ഭക്ഷ്യ വിഭവങ്ങളുമായി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നവരെയാണ്.നല്ല രുചിയുള്ള വിഭവങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കോവിഡ് 19-ും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയെ മറികടക്കാന്‍ കൊട്ടാരക്കരയിലെ നെടുമണ്‍കാവിലുള്ള നാല് യുവാക്കള്‍ ചെയ്തതും മറ്റൊന്നല്ല. പാചകത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. നല്ല മൊരിഞ്ഞ ചിക്കനും, ഫ്രഞ്ച് ഫ്രൈസുമൊക്കെ സ്വന്തം വീട്ടിലെ അടുക്കളയില്‍ പാചകം ചെയ്‌തെടുത്തു. സമീപത്തുള്ള ആവശ്യക്കാര്‍ക്ക് ഭംഗിയായി പായ്ക്ക് ചെയ്ത് എത്തിച്ചു കൊടുക്കുകയും ചെയ്തു. ഒരു മാസം പിന്നിട്ടപ്പോള്‍ ആയിരത്തിലേറെ കസ്റ്റമേഴ്‌സിനെയാണ് ഇവര്‍ സ്വന്തമാക്കിയത്. എന്‍എഫ്‌സി എന്നാണ് ഇവര്‍ സംരംഭത്തിനു നല്‍കിയിരിക്കുന്ന പേര്. നെടുമണ്‍കാവ് ഫ്രൈഡ് ചിക്കന്‍ എന്നാണ് എന്‍എഫ്‌സിയുടെ പൂര്‍ണരൂപം.

രോഹിത് കവിരാജന്‍ എന്ന എന്‍ആര്‍ഐയും സുഹൃത്തുക്കളായ അരുണ്‍ജിത്ത്, അനൂപ്, സുരാജ് എന്നിവരുമാണു സംരംഭത്തിനു നേതൃത്വം നല്‍കുന്നത്. 28-കാരനായ രോഹിത് കുറച്ചു വര്‍ഷങ്ങള്‍ എറണാകുളത്ത് വിപ്രോയുടെ എല്‍ഐസി പ്രൊജക്റ്റിന്റെ ടീം ലീഡറായി ജോലി ചെയ്തിരുന്നു.തുടര്‍ന്ന് 2019-ല്‍ മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോള്‍ അബുദാബിയിലേക്ക് പോയി. ഈ വര്‍ഷമാദ്യം നാട്ടില്‍ ലീവിനു വന്ന് അബുദാബിയിലേക്കു തിരികെ പോകാനിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതോടെ വരുമാനവും ഇല്ലാതായി. സുഹൃത്തുക്കളുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്ക് നാട്ടില്‍ തന്നെയായിരുന്നു ജോലി. അവര്‍ക്കും ലോക്ക്ഡൗണിനെ തുടര്‍ന്നു ജോലിക്കു പോകാനാവാത്ത സാഹചര്യമുണ്ടായി. വരുമാനം കണ്ടെത്താന്‍ പുതിയൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം അങ്ങനെയാണു മനസില്‍ രൂപപ്പെട്ടത്. തുടര്‍ന്നു നാട്ടിലെ സുഹൃത്തുക്കളുമായി ആലോചിച്ചു. പല തരത്തിലുള്ള ബിസിനസുകളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഒടുവില്‍ ഭക്ഷണം പാചകം ചെയ്ത് വില്‍ക്കാമെന്ന് എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു.

നെടുമണ്‍കാവ് ഒരു ഗ്രാമപ്രദേശമാണ്. ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച് ഫ്രൈസ് എന്നിവ പൊതുവേ നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന ഭക്ഷണവുമാണ്. അതു കൊണ്ട് ഈ ഭക്ഷണം വില്‍പ്പന നടത്തിയാല്‍ വിജയിക്കുമോ എന്നൊരു സംശയം ആദ്യമുണ്ടായി. പക്ഷേ, നിരവധി പ്രവാസികളുടെ കുടുംബം സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നെടുമണ്‍കാവ്. അതു കൊണ്ടു തന്നെ ഫ്രൈഡ് ചിക്കന് ആവശ്യക്കാരും ഏറെയുണ്ടായി. മാത്രമല്ല, നാട്ടിന്‍പുറത്തു താമസിക്കുന്നവരും ഇതിന്റെ രുചി ഒന്ന് പരീക്ഷിച്ചു നോക്കാന്‍ തയാറായപ്പോള്‍ രോഹിതിന്റെയും കൂട്ടുകാരുടെയും ബിസിനസ് ഹിറ്റായി. ഇപ്പോള്‍ നെടുമണ്‍കാവിനു ചുറ്റുമുള്ള 15 കിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ് രോഹിതും കൂട്ടുകാരും ഡെലിവറി ചെയ്യുന്നത്. ബിസിനസിന് ഒന്നു കൂടി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡെലിവറി വിപുലമാക്കാനാണു തീരുമാനിക്കുന്നത്.

അബുദാബിയില്‍ പ്രവാസ ജീവിതം നയിച്ചതിനാല്‍ ഫ്രൈഡ് ചിക്കനും ഫ്രഞ്ച് ഫ്രൈസും പാചകം ചെ്യ്യാന്‍ പ്രത്യേകിച്ചു പരിശീലനമൊന്നും വേണ്ടി വന്നില്ലെന്ന് രോഹിത് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രവാസ ജീവിതം നയിച്ചവര്‍ക്ക് സ്വന്തമായി പാചകം ചെയ്യാനുള്ള കഴിവ് ലഭിച്ചിരിക്കുമെന്നാണ് രോഹിത് പറയുന്നത്. എങ്കിലും ബിസിനസ് ആരംഭിക്കുന്നതിനു മുമ്പ് റഫറന്‍സിനായി യു ട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളിലുള്ള വീഡിയോ രോഹിത് വീക്ഷിച്ചു. പിന്നെ ചില പാചക വിദഗ്ധരില്‍ നിന്നും ടിപ്‌സ് സ്വീകരിക്കുകയും ചെയ്തു.

ബിസിനസിനു തുടക്കമിടാന്‍ രോഹിതും കൂട്ടുകാരും ലോണ്‍ ഒന്നും തന്നെ എടുത്തില്ല. പകരം കൈയ്യിലുള്ള ചെറിയ സമ്പാദ്യം മാത്രമാണ് ചെലവഴിച്ചത്. രോഹിതിന്റെ കൂടെ നാട്ടിലെ മൂന്നു സുഹൃത്തുക്കള്‍ സംരംഭത്തിലുണ്ട്. പാചകം ചെയ്യാനും, വിഭവം പായ്ക്ക് ചെയ്യാനും, ഡെലിവറി ചെയ്യാനുമൊക്കെ അവര്‍ ഒപ്പം ചേര്‍ന്നു.അരുണ്‍ജിത്ത്, അനൂപ്, സുരാജ് എന്നിവരാണ് രോഹിതിനൊപ്പം സംരംഭത്തിനു നേതൃത്വം നല്‍കുന്നവര്‍. പാചകം ചെയ്യാന്‍ അനൂപും മുന്‍നിരയില്‍ തന്നെയുണ്ട്.

ജൂണ്‍ ഒന്നിനാണ് രോഹിതിന്റെ ബിസിനസ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലുമാണു ബിസിനസ് പരസ്യം കൊടുത്തത്. ആദ്യ ദിനം ഓര്‍ഡര്‍ ലഭിച്ചത് 35 എണ്ണമായിരുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍നിന്നായിരുന്നു ഓര്‍ഡര്‍ ആദ്യം ലഭിച്ചത്. പിന്നീട് ഓരോ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ പ്രതിദിനം 100-ലേറെ പേരില്‍നിന്നും ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്ന് രോഹിത് പറഞ്ഞു.

160, 200, 250, 300, 500 രൂപ എന്നീ നിരക്കുകളിലാണു ഫ്രൈഡ് ചിക്കനും, ഫ്രഞ്ച് ഫ്രൈസും, ഖുബൂസും വില്‍പ്പന നടത്തുന്നത്. ഓരോ ദിവസവും ഉച്ചയ്ക്ക് 12 മണി വരെയുള്ള നേരം ഓര്‍ഡര്‍ സ്വീകരിക്കും. തുടര്‍ന്ന് അന്ന് ആവശ്യമുള്ള ചിക്കന്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങി വീട്ടിലെത്തിച്ച് വൈകുന്നേരം നാലരയോടെ പാചകം ചെയ്യും. അഞ്ചരയോടെ വിഭവങ്ങള്‍ പായ്ക്ക് ചെയ്യും. ആറ് മുതല്‍ രാത്രി എട്ട് വരെ ഡെലിവറി ചെയ്യും. ഇതാണ് ഇപ്പോള്‍ പിന്തുടരുന്ന രീതി. നാല് പേര്‍ ചേര്‍ന്ന് അവരവരുടെ സ്വന്തം വാഹനങ്ങളിലാണു ഡെലിവറി ചെയ്യുന്നത്. സ്വന്തമായി ഡെലിവറി ചെയ്യുന്നതിലൂടെ കസ്റ്റമേഴ്‌സുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. ഇപ്പോള്‍ 15 കിലോമീറ്റര്‍ ചുറ്റുമുള്ള പ്രദേശങ്ങളിലാണു ഡെലിവറി ചെയ്യുന്നത്. ബിസിനസ് മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വിപുലീകരിക്കാനും രോഹിതിനും കൂട്ടുകാര്‍ക്കും പദ്ധതിയുണ്ട്.

Rohit: 8281326440

കടപ്പാട്: https://thenewsday.online/the-story-behind-neduman-kavu-fried-chicken/

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.