സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) എ.ടി.എമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തിൽ പിൻവലിക്കാനാകുക. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്.