മൊബൈൽ ആപ്പിലൂടെ വായ്‍പ: ശ്രദ്ധിക്കേണ്ട സംഗതികൾ

0
781

മൊബൈൽ ആപ്പിലൂടെ വായ്പകൾ നേരിട്ടു നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ഇന്ന് രംഗത്തുണ്ട്. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ വായ്പ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. വായ്പ വാഗ്‌ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളും പോർട്ടലുകളും ഏതു സ്ഥാപനത്തിൽ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കിയിരിക്കണം.

ലളിതമായ നടപടി ക്രമങ്ങളും താമസം കൂടാതെ വായ്പ ലഭിക്കുന്നതും വായ്പ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചു. എന്നാൽ തിരിച്ചടവിൽ വീഴ്ച വന്നാൽ പലിശ കൂടുകയും. ആറുമാസത്തിനുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകും. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ സ്വഭാവവും മാറും. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകൾ ഈടാക്കുന്നതും റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഫെയർ പ്രാക്ടീസ് കോഡ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെങ്കിൽ പരാതിപ്പെടാം. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും കുറ്റകരമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിലൂടെ ലോൺ അപേക്ഷ സമർപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ അനുവാദം കൊടുക്കരുത്. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കിൽ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകൾ വാർഷികാടിസ്ഥാനത്തിൽ എത്ര വരുമെന്നു മുൻകൂട്ടി മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റു ചാർജുകളും എത്രയാണെന്നും ഒക്കെ ആദ്യമേ തിരിച്ചറിയണം. വായ്പക്കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗതവിവരങ്ങൾ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്നും മറ്റും ഉറപ്പാക്കുകയും വേണം

വായ്പ അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിൽനിന്നു വിവരങ്ങൾ ചോർത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധന നടത്തി ഓരോരുത്തരുടെയും ബന്ധങ്ങളും സാമ്പത്തിക സ്വഭാവവും കൃത്യമായി അവലോകനം ചെയ്ത ശേഷമാണ് ആപ്പുകൾ വായ്പ അനുവദിക്കുന്നത്. നിർമിത ബുദ്ധി, ബിഗ് ഡേറ്റ വിശകലനം തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തിൽ മാന്യന്മാരായിട്ടുള്ളവർ കോണ്ടാക്‌ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും വായ്പ ലഭിക്കും. മെഗാ ബൈറ്റ് കണക്കിന് ടെക്സ്റ്റ് മെസ്സേജുകളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് പരതിയെടുത്തു കാച്ചിക്കുറുക്കി കൃത്യമായ വിവരം മനസ്സിലാക്കിയാണ് വായ്പ അനുവദിച്ചതെന്ന് അപേക്ഷകൻ ചിന്തിക്കാറില്ല.

വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ചുറുചുറുക്കോടെ സാന്നിദ്ധ്യമുള്ളവർക്കു വായ്പ നൽകാൻ ആപ്പുകൾക്കു വലിയ താൽപര്യമാണ്. ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിനു കൈമാറ്റം ചെയ്തുകൊടുത്താൽ മതി. തവണ തെറ്റുമ്പോഴേക്കും അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സന്ദേശം വന്നിട്ടുണ്ടാകും. സമൂഹത്തിൽ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തിൽ കക്ഷി പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങൾ പ്രചരിക്കുക. Courtesy: Kerala Police Facebook Post

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.