നന്മ മരം പദ്ധതി ആവിഷ്കരിച്ച വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം പരിപാടി നൂറാം ദിവസത്തിലേക്ക്. സൈക്കോളജിസ്റ്റും, പരിശീലകനുമായ ഡോ. സൈജു ഖാലിദ് അതിഥിയായി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം നന്മ മരം എന്ന പേരിൽ വൃക്ഷ തൈ നടുകയും, വൃക്ഷ വ്യാപന സന്ദേശം നൽകി വരുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന വനമിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വൃക്ഷ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തലത്തിൽ ഡോ സൈജു ഖാലിദ് ഏർപ്പെടുത്തിയ നന്മ മരം പരിസ്ഥിതി അവാർഡിന് കുട്ടികളുടെ വിഭാഗത്തിൽ ഓച്ചിറ സ്വദേശി മീനാക്ഷിയും, പൊതുവിഭാഗത്തിൽ മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഗ്രാമപഞ്ചായത് മെമ്പർ ബാബു തട്ടാർകുന്നേലും അർഹരായിരുന്നു.
സംസ്ഥാനത്തിനകത്തും പുറത്തും, വിദേശ രാജ്യത്തു നിന്നും ആയി ആയിരങ്ങൾ ആണ് നന്മ മരത്തിനു പിന്തുണയുമായി എത്തുന്നത്. ഈ വർഷം ജൂൺ 5, പരിസ്ഥിതി ദിനത്തിൽ തുടങ്ങിയ പുതിയ സന്ദേശപ്രചാരണമാണ് 365 ദിവസവും പരിസ്ഥിതി ദിനാചരണം എന്നുള്ളത്. ഇതിനോടകം കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രൻ, ജസ്റ്റിസ് കെമാൽ പാഷ, പാളയം ഇമാം സുഹൈബ് മൗലവി, ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു, വയലാർ ശരത് ചന്ദ്ര വർമ, ഡി ഐ ജി സന്തോഷ് സുകുമാരൻ, നടൻ സാജൻ സൂര്യ, രാഹുൽ ഈശ്വർ, കെ പി ശ്രീകുമാർ തുടങ്ങി അനേകർ ഈ പദ്ധതിയുടെ ഭാഗമായി. സെപ്റ്റംബർ 15 ന് നൂറാം ദിവസം കായംകുളം എം എൽ എ യു പ്രതിഭ നന്മ മരം പദ്ധതിയിൽ പങ്കെടുക്കും. കടന്നു പോകും മുൻപൊരു കയ്യൊപ്പ് എന്നതാണ് ഓരോ നന്മ മരങ്ങളെയും കുറിച്ച് ഡോ. സൈജുവിന്റെ അഭിപ്രായം.