ജനപ്രിയ ഗെയിമായ പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ നിരോധനം നീക്കി കിട്ടാനുള്ള ശ്രമത്തിലാണ് പബ്ജി ഗെയിം അധിക്യതർ. അതിന്റെ ഭാഗമായി ചൈനീസ് ഗെയിമിങ് കമ്പനിയായ ടെൻസെന്റുമായുള്ള ബന്ധം ഒഴിവാക്കാനും പകരം ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഗെയിമിങ് കമ്പനികളുമായി സഹകരിക്കാനും തയ്യാറായിരിക്കുകയാണ്
എന്നാൽ, ചൈനീസ് ബന്ധം ഒഴിവാക്കിയാലും സമീപഭാവിയിൽ ഉടനൊന്നും പബ്ജി മൊബൈലിന്റെ നിരോധനം നീക്കിയേക്കില്ല എന്ന സൂചന നൽകിയിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഉടമസ്ഥാവകാശം തീർച്ചയായും പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ്. പക്ഷെ അത് മാത്രമല്ല പ്രശ്നം. ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെ, എവിടെ ശേഖരിക്കുന്നു, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, വ്യക്തി വിവരങ്ങൾ ചോർന്നിട്ടുണ്ടോ തുടങ്ങി 70 ഓളം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യേഗസ്ഥന്റെ വാക്കുകൾ സൂചിപ്പിക്കുന്ന പ്രകാരം തിരിച്ച് വരവ് പ്രയാസകരമാകും.
ജനപ്രിയ സ്മാർട്ഫോൺ ഗെയിമായ പബ്ജി മൊബൈൽ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സമയത്താണ് നിരോധനം ഉണ്ടായത്. 60 കോടി പേരാണ് പബ്ജി മൊബൈൽ ഡൗൺലോഡ് ചെയ്തത്. ഇതിൽ അഞ്ച് കോടി പേർ പ്രതിദിന ഉപയോക്താക്കളാണെന്ന് ഗെയിം ഉടമയായ ടെൻസെന്റ് പറയുന്നു